Sunday, 17 May 2015

എന്റെ നാട്ടിലെ മഴ

മഴയോടുള്ളത് ജന്മനാ  ഉള്ള പ്രണയം.

 ആലിപഴം പൊഴിയുന്ന   മഴയും അതി ശൈത്യവും കൊടും ചൂടും പൊടി കാറ്റും ഭൂകമ്പവും ചുഴലി കാറ്റും  താണ്ടി താഴ്വാരങ്ങളും മരുഭൂമികളും  കണ്ടു പല നാടുകളും അലഞ്ഞു

കഥ കേൾക്കുവാൻ  ഇഷ്ടമുള്ള മനസ്സിന് ആയിരം കണ്ണുകൾ കഥകൾ പറഞ്ഞു തന്നു.

എങ്കിലും ഓരോ വർഷവും മഴക്കാലത്ത്നാട്ടിലെത്താൻ കൊതിച്ചു. നാട്ടിലെ മനോഹരമായ മഴ നോക്കിയിരിക്കുവാൻ വേണ്ടി മാത്രം

" മഴ വെറുതെ നോക്കിയിക്കാൻ എന്ത് രസമാണ് . ബാൽക്കണിയിൽ  ഒരു കസേരയിട്ട് മഴ കണ്ടിരിക്കുക എനിക്കേറെ ഇഷ്ടമാണ്." അകാലത്തിൽ പിരിഞ്ഞു പോയ ഒരു സഥീർതന്റെ വാക്കുകൾ ഇടയ്ക്കിടയ്ക്ക് ഓർമ വരും.

വർഷങ്ങൾ നിറങ്ങളിൽ നിറഞ്ഞൊഴുകി നീങ്ങികുട്ടിക്കാലത്ത് പറന്നു നടന്ന മരങ്ങളും തൊടികളും പതിയെ  അപ്രത്യക്ഷമായപ്പോൾ നാട് അന്യമായി തോന്നി.  മനസ്സിൽ ഉറപ്പിച്ചു.   സ്ഥിരതാമസത്തിന് നാട്ടിലേക്ക് പോകണ്ടാ.

കണ്ട നഗരങ്ങളിൽ ഇഷ്ടം തോന്നിയത് ബങ്ങലൂരുവിനോടാണ്.

 “ നമുക്കവിടെ ഒരു വീട് വാങ്ങാം.” ശാട്യങ്ങൾക്ക് നിശബ്ദമായി തലയാട്ടി തരുന്ന പ്രിയതമനോട്പലവട്ടം പറഞ്ഞുറപ്പിച്ചു.

മെയ് മാസത്തിൽ നാട്ടിലേക്ക് വരേണ്ടി  വന്നപ്പോൾ വാശിപിടിച്ച് കൊച്ചു കുട്ടിയെന്നപോൽ  പുലമ്പി.
"ഞാൻ വരുന്നില്ല...മെയ് മാസത്തിൽ മഴ പെയ്യില്ല."

വിവാഹത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞു ജർമ്മനി യിലെ  തൻറെ  പ്രണയിനിയെ  കാണുവാൻ പോകുന്ന ഒരു സ്നേഹിതനോട് നീലമിഴികളുള്ള സുന്ദരിയുടെ ഫോട്ടോ നോക്കി ചോദിച്ചു "എന്താ ഇവളുടെ പേര്?"
അവനുത്തരം പറഞ്ഞു, "ക്ലാര."
അറിയാതെ അവനോടു ചോദിച്ചു പോയി, " നീ അവളെ കാണുമ്പോളൊക്കെ മഴ പെയ്യുമോ..?"

ക്ലാര.
നിത്യ കാമുകി ക്ലാര.
ജീവിതം മുഴുവൻ പ്രണയിനി മാത്രമായിരിക്കാൻ മോഹിച്ചിട്ടു വിവാഹിതയായി  ഒരു വീട്ടമ്മയുടെ പങ്കപ്പാടുകളിൽ പ്രണയം   വഴുതിപോയ  എന്റെ  കൂട്ടുകാരി    പൊട്ടിച്ചിരിച്ചു കൊണ്ട് പരിഭവിച്ചു 

"എനിക്ക് ക്ലാര ആയാൽ മതിയായിരുന്നു!"


ക്ലാരയും മഴയും മനസ്സില് നിറഞ്ഞു നിന്നു .


ജനലിനപ്പുറം മഴ  വീണ്ടും  ആർത്തു  പെയ്തു.
 മെയ് മാസത്തിലെ മഴ.
എന്റെ മോഹം അറിഞ്ഞു പെയ്യുന്ന നാട്ടിലെ മഴ..

എനിക്കിവിടെ മതി....
മഴ കണ്ടിരുന്നാൽ മതി...
എവിടൊക്കെ  പോയാലും എനിക്കിവിടെ തിരിച്ചു .വന്നാൽ മതി ...