Tuesday, 9 June 2015

കാത്തിരിപ്പ്‌





സൂര്യൻ അസ്തമിക്കും മുൻപേ ഇരുട്ട് പരക്കാൻ തുടങ്ങിയിരിക്കുന്നു. ദിസെംബെർ അവസാനം ആകുന്നതോട് കൂടി ശൈത്യം അതിന്റെ പാരമ്യത്തിൽ എത്തും .


വഴിയോരത്ത് പിച്ചതെന്ടാൻ സ്ഥിരമായി കാണാറുള്ള വൃദ്ധ അന്നും ഹാജരായിരുന്നു. ആരോ വൃത്തിയായി വിരിച്ചിട്ട പഴയ ഷീറ്റിൽ എടുത്തു ഇരുത്തിയിടത്തു കൂനി കൂടി വിറച്ചു വിറച്ചു അവർ ഇരുന്നു. തലയിലൂടെ മൂടിയ സാരിക്ക് പുറത്തു കൂടെ പിഞ്ഞി കീറിയ ഷാൾഎന്നെത്തെയും പോലെ നിർവികാരം ആയിരുന്നു അവരുടെ മുഖം.  മുന്പിലെ അലുമിനിയം പാത്രത്തിൽ നാണയങ്ങൾ അന്ന് കമ്മിയായിരുന്നു. വാച്ചിലേക്ക് ഒന്ന് കൂടി നോക്കി. സമയം  അഞ്ചു മുപ്പത്തിയഞ്ചു.  വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു.


വാട്സാപ് കൂടി  നോക്കി. ലാസ്റ്റ് സീൻ  അഞ്ചു  ഇരുപത് . പെട്ടന്ന് ഔൻലൈൻ ആയി.
'വിൽ റീച് ഇന് ഫൈവ് മിനുട്സ്'
ഓ കെ ടൈപ് ചെയ്തു പുറത്തേക്കു നോക്കി.
തിരക്കേറിയ നഗരത്തിലെ താരതമേന്യ  ഒഴിഞ്ഞ കഫൈ കോഫീ ദേ ഔറ്റ്ലെറ്റ്. ഒരു മൂലയ്ക്ക് മൂന്നു ചെറുപ്പക്കാർ ഉറക്കെ പൊട്ടിച്ചിരിച്ചു സംസാരിച്ചിരുന്നു.


മുൻപിൽ ഇരുന്ന കപ്പുചിനോവിൽ ഒരു പാകെറ്റ് പഞ്ചസാര പൊളിച്ചിട്ട്‌ പതുക്കെ  ഇളക്കി. ഫ്ലാറ്റിൽ നിന്നും  സൈക്കിൾ റിക്ഷയിൽ കയറി ഇങ്ങോട്ട് വരുമ്പോൾ മനസ് ശൂന്യമായിരുന്നു. ചിന്തകള്ക്ക് കുറച്ചു കാലമായി വിരാമമിട്ടിരിക്കുകയായിരുന്നു .


ചില്ലു വാതിൽ തള്ളിത്തുറന്നു അവൾ അകത്തേക്ക് വന്നു. പതിനേഴു വർഷങ്ങൾക്കു മുൻപ് അവൾ ഇതിനെക്കാൾ സുന്ദരി ആയിരുന്നിരിക്കണം. അവളുടെ ഫോട്ടോ ആദ്യമായി കണ്ടപ്പോൾ തന്നെ ഉള്ളിൽ ചെറുതായി ഞെട്ടിയിരുന്നു. കാരണം അവൾക്കു എന്റെ തന്നെ മുഖഛയായ  ആയിരുന്നു. അതെ ഞെട്ടൽ  നേരിൽ കണ്ടപ്പോളും ഉള്ളിലൂടെ  പാഞ്ഞു.

 

ഒരു  ക്ഷെമാപനത്തോടെ കസേര വലിച്ചിട്ടു എന്റെ മുന്പിലേക്കു അവൾ ഇരുന്നു. ചുരുണ്ട തോളറ്റം വരെ ഉള്ള മുടിയെ ചുറ്റി ഒരു ചുവന്ന മഫ്ലർ. കറുത്തഫ്രൈമുള്ള   കണ്ണടക്കുള്ളിൽ  വിടർന്ന  കരിയെഴുതിയ മിഴികൾ. ചുണ്ടിൽ  സ്ട്രോബെര്രി  നിറത്തിലെ ലിപ്സ്റ്റിക്,  കമ്പിളി കോട്ടിന്റെ സ്ലീവ് അല്പം കയറ്റി വച്ച വലതു കൈത്തണ്ടയിൽ   ഒരു   വെളുത്ത  ദയലുള്ള ഡി കെ എൻ വയ് വാച്ച്. ഒറ്റ നോട്ടത്തിൽ ആര്ക്കും ഇഷ്ടം തോന്നും.  


അളകനന്ദയുടെ  കണ്ണുകൾക്ക്‌ മുന്നിൽ  എന്റെ രൂപത്തെ വിചാരണക്ക് വിട്ടു കൊടുത്തു ഞാനിരുന്നു.  ആദ്യം അവൾ തന്നെ സംസാരിച്ചു ഒരു ചെറുപുഞ്ചിരിയോടെ


"കേണൽ പാർതിപന്റെ ഭാര്യയെ ഒരു അതിസുന്ദരി ആയി ആണ്  ഞാൻ സങ്കല്പിച്ചത്.."


ഉറക്കെ ചിരിക്കണം എന്ന് തോന്നി പക്ഷെ തിരിച്ചു ശാന്തമായി ചോദിച്ചു, 'എന്തെ അളകനന്ദ  എനിക്ക് സൌന്ദര്യം ഇല്ലേ?'


ഇമവെട്ടാത്ത  കണ്ണുകളോടെ അവൾ പറഞ്ഞു, 'നിങ്ങൾ തീര്ച്ചയായും സുന്ദരിയാണ്. പക്ഷെ ഞാൻ പ്രതീക്ഷിച്ചത് ഒരു അതി സുന്ദരിയായ യെക്ഷിയെയാണ്...'


അവൾ ഉറക്കെ ചിരിച്ചു. ഞാനും.
എത്രെ കരുത്തുള്ള സ്ത്രീയും  പ്രണയത്തിനു മുൻപിൽ വെറും സാധാരണ പെണ്ണായി പോകും എന്ന തിരിച്ചറിവ് എന്നിൽ വന്നു.
'ഹൌ ഈസ് ഹീ? പാർതിപൻ ?' അവൾ ചോദിച്ചു.


'പഴയത് പോലെ തന്നെ സന്തോഷവാനാണ്." അത് കേട്ട്   അവൾ വീണ്ടും പുഞ്ചിരിച്ചു.


ഒരാഴ്ച മുൻപ് ഫൈസ്ബുക്കിൽ നിന്നും അവളെ കണ്ടുപിടിചെടുത്തു ചാറ്റ് ചെയ്തപ്പോൾ പാർതിപന്റെ പഴയ ഒരു ഡയറിയിൽ നിന്നും അവളെ കുറിച്ച് അറിഞ്ഞത്  വിശദമായി പറഞ്ഞിരുന്നു.  ഒരു നിമിഷത്തെ നിശബ്ദതക്കു ശേഷം അളകനന്ദയുടെ കണ്ണുകൾ വീണ്ടും എന്നെ ഉഴിഞ്ഞു.
'സൗമിനീ  നിങ്ങൾ എന്തിനാണ് ഇപ്പോൾ എന്നെ തേടിപിടിച്ചത്?'


പുറത്തു ഇരുട്ടിനു കട്ടിപിടിച്ച് തുടങ്ങിയിരുന്നു. ദൂരെയുള്ള മേട്രോലൈനിൽ ഓരോ രണ്ടു നിമിഷത്തിലും ഒരു വണ്ടി ഒഴുകിയോടുന്നത് കാണാമായിരുന്നു. 



ഒഴിഞ്ഞ എന്റെ കപ്പുച്ചിനോ കപ്പിൽ നോക്കി ഞാൻ പറഞ്ഞു 'അളകനന്ദ നമുക്കൊരു ചൂട് കാപ്പി കൂടി  കുടിക്കാം.'


അളകനന്ദ എന്നെ തന്നെ ശ്രദ്ധിച്ചിരുന്നു. രണ്ടാമത്തെ കപ്പു കാപ്പിയും കുടിച്ചു തീരും വരെ.




പുറത്തു നന്നേ ഇരുട്ടിയിരുന്നു. എതിരെ ഉള്ള ഫാസ്റ്റ് ഫുഡ് കടയിൽ നല്ല തിരക്ക്. കൈമുട്ട് വരെ ചുവപ്പും വെളുപ്പും നിറത്തിലെ വളകൾ ഇട്ട ഒരു നവവധു ജിലേബി  നുണഞ്ഞു നില്പുണ്ട് ചെറുപ്പം എങ്കിലും അവളുടെ കുടവയറനായ  ഭര്ത്താവ് എന്തോ  വല്യ ദാനകര്മം ചെയ്യുന്ന പോലെ അരികത്തുണ്ട്.



അളകനന്ദ യുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി തങ്ങി നിന്നു . അവളെ തന്നെ നോക്കി ശാന്തമായി ചോദിച്ചു'" അളകനന്ദാ എനിക്ക് പാര്തിപനെ  വെറുക്കണം. നിനക്കതിനു എന്നെ സഹായിക്കാൻ പറ്റുമോ?"


അവൾ ഒരൂ കൊച്ചു കുട്ടിയെ എന്ന പോലെ അൽപ സമയം എന്നെ തന്നെ നോക്കിയിരുന്നു. പിന്നെ പതുക്കെ പറഞ്ഞു.
"ഞാൻ അയാളെ ഒരിക്കലും വെറുത്തില്ല.  എന്തിനാണ്  സൗമിനീ..?'
ആ നിമിഷം എനിക്ക് അവളോട്‌ കടുത്ത  ദേഷ്യം തോന്നി.  
സ്നേഹിച്ചു വഞ്ചിച്ച പുരുഷനെ വെറുക്കാതെ ഇരിക്കാൻ അയാൾ അത്ര ദിവ്യനാണോ?



പുറത്തു തണുപ്പിലൂടെ തിരിച്ചു ഫ്ലാറ്റിലെക്കു നടക്കുമ്പോൾ അന്ന് ആദ്യമായി വൃദ്ധയുടെ അലുമിനിയം പാത്രത്തിലേക്ക് ഒരു നാണയം കുനിഞ്ഞിട്ടു. 



രാത്രിയിൽ പുറത്തു വീശിയടിക്കുന്ന കാറ്റിന്റെ ഒച്ച കേട്ട് കിടന്നു.
അമ്മയെ വിളിക്കുവാൻ തോന്നിയില്ല. കിടപ്പിലായ അച്ഛനെ ശുശ്രുഷിച്ചു തളര്ന്നു കിടന്നു കാണും പാവം. മുട്ടുവേദന കൂടുതൽ ആണെന്ന് പറഞ്ഞിരുന്നു. ആലോചിച്ചപ്പോൾ എന്നേക്കാൾ കഷ്ടമല്ലേ അമ്മയുടെ കാര്യം എന്ന് ഓര്ത് പോയി. അച്ഛന്റെ കള്ളുകുടിയും ശകാരവും അമ്മയുടെ  പുഞ്ചിരി പണ്ടേ മായ്ച്ചു കളഞ്ഞിരുന്നു. ഏട്ടന്റെ പെട്ടന്നുള്ള മരണം ശേഷിച്ചിരുന്ന പ്രസാദവും ആ മുഖത്ത് നഷ്ടപെടുത്തി. 

 

 വിശപ്പ്‌ തോന്നിയപ്പോൾ എണീറ്റ്  ചൂട് വെള്ളത്തിൽ ഹോർലിക്സ് കലക്കി കുടിച്ചു. കുട്ടിക്കാലത്തെ ശീലം ആയിരുന്നു അത്. ഇപ്പോൾ ഒരു സാന്ത്വനവും.  ഇനിയും എത്ര നാൾ  ഇങ്ങിനെ എന്ന് ഓര്ത് പോയി. ഇല്ല...  മനസിലെ ചിന്തകൾ കടലാസിൽ പേന കൊണ്ടെന്ന പോലെ പലതവണ വെട്ടി. 



കഴിഞ്ഞ ഒരു ആഴ്ച പാർതിപന്റെ ഭൂത കാലം ചികഞ്ഞു നടക്കുകയായിരുന്നു.



ഫയലുകൾക്കിടയിൽ നിന്നും കിട്ടിയ ഒരു ഓ ബി സീ സര്ടിഫിക്കെറ്റ് ഒരു പുതിയ അറിവായിരുന്നു. പതിനേഴു വര്ഷങ്ങള്ക് മുൻപ്  അയ്യാളെ പ്രണയിച്ചപ്പോൾ ജാതി ചോദിച്ചിരുന്നില്ല.   ഒന്നിച്ചുള്ള ജീവിതം  ഒരു ദിനചര്യ മാത്രമായപ്പോലും ജാതിയോ മതമോ ഒരിക്കലും ഇടയിൽ  വന്നില്ല. 



പിന്നീട് അന്ന് വരെ തുറന്നുനോക്കിയിട്ടില്ലാത്ത  ഡയറി കുറിപ്പുകളിൽ നിന്നും അളകനന്ദയും അമ്മയുടെ മരണവും. അമ്മയ്ക്ക് ഭ്രാന്ത് ആയിരുന്നെന്നും വര്ഷങ്ങളോളം  ചികിത്സിച്ചിരുന്നു  എന്നും വായിച്ചറിഞ്ഞപ്പോൾ നെഞ്ചിൽ ആരോ അമര്ത്തി ചവുട്ടിയ പോലെ തോന്നി.



തലേന്ന് പാല് വാങ്ങാൻ മറന്ന കൊണ്ട് രാവിലെ കട്ടൻ കാപ്പിയിട്ട് കുടിച്ചു . വിശപ്പില്ലെങ്കിലും രണ്ടു കഷണം റൊട്ടിയും. മിലിട്ടറി ആശുപത്രിയിൽ കൂട്ടിരുപ്പുകാരുടെ ആവശ്യം ഇല്ല. ഐ സി യു വിൽ  ആയതു കൊണ്ട് രാവിലെ അവിടുത്തെ വിസിറ്റെർസ് റൂമിൽ ചെന്ന് ഇരിപ്പാണ്   പതിവ്. നിറയെ മരങ്ങൾ ഉള്ള ശാന്തമായ ഒരു ആശുപത്രി. നീണ്ട പതിമൂന്നു  പകലുകൾ അവിടെ കാത്തിരിക്കുകയായിരുന്നു. മരണത്തിനോ ജീവിതത്തിനോ  എന്ന് അറിയാതെ.  



മരിക്കുമ്പോൾ കൂടെ മരിക്കാൻ നിഴൽ  ഒന്നും അല്ലല്ലോ. 
മരവിപ്പും നിർവികാരതയും വിരസതയായി തുടങ്ങിയപ്പോളാണ് വൈകുന്നേരങ്ങളും രാത്രികളും പാര്തിപനെ വെറുക്കുവാൻ കാരണങ്ങൾ അന്വേഷിക്കുവാൻ തുടങ്ങിയത്.    



സ്നേഹിക്കുന്നവരെയേ വെറുക്കാൻ പറ്റൂ  എന്ന് പതിയെ മനസിലായിഅയാളെ വെറുക്കുന്നില്ല എന്ന് അളകനന്ദ പറഞ്ഞത് സത്യമാണ് എന്നും.



കൂടെയുള്ള ജുനിയരോട്  എന്തോ  തമാശ പറഞ്ഞു ഐ സി യു വിന്റെ വാതില തുറന്നു ഇറങ്ങി വന്ന  മധ്യവയസ്കനായ ഡോക്ടർ  അടുത്തേക്ക് വന്നു. 
'ഇരുന്നോളൂ എണീക്കണ്ട...കണ്ടീഷൻ അത് പോലെ തന്നെയാണ് മേം. ലൈഫ് സപ്പോർട്ട് കൊടുക്കാനെ ഞങ്ങള്ക്ക് പറ്റൂ. മരണം സംഭവിക്കാതെ ഞങ്ങള്ക് അത് മാറ്റുവാൻ  അധികാരം ഇല്ല...'



എന്റെ നിശബ്ദത ശീലമായ ഡോക്ടർ ഒരു മറുപടിക്ക് കാത്തുനിന്നില്ല .



ആ പതിനാലാമത്തെ  ദിവസം  ആകാശം ഇരുണ്ടു മേഘാവൃതമായിരുന്നു. 
ശൈത്യത്തിൽ പെയ്യുന്ന മഴ തണുപ്പിന്റെ കാഠിന്യം കൂട്ടും.
ഇന്ന് മഴ പെയ്യും... മനസിലെ വേഴാമ്പൽ മന്ത്രിച്ചു...